Wednesday, June 20, 2007

രണ്ട്

മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും മുത്തശ്ശന്‍ എന്നേം കൊണ്ട് പടിഞ്ഞാട്ട് പോകും. പടിഞ്ഞാട്ട് പോവാന്നു പറഞ്ഞാല്‍ പടിഞ്ഞാറ് ഒരു രണ്ടു കിലോമീറ്റര്‍ പോയാല്‍ ഒരു ജംഗ്ഷന്‍ ഉണ്ട്. വല്ല്യമ്മയുടെ വീടും വല്ല്യമുത്തശ്ശന്‍റെ വീടും പിന്നെ അച്ഛനും അമ്മയും ജോലിചെയ്യുന്ന സഹകരണ ബാങ്കും ഒക്കെ അവിടെ അടുത്തടുത്താണ്. പടിഞ്ഞാട്ടു പോവാ‍ന്‍ എനിക്കു നല്ല ഉത്സാഹമാണ്. ചായക്കടയില്‍ നിന്നും ചൂടുള്ള പരിപ്പുവട തിന്നാം അച്ഛനേം അമ്മയേം കാണാം. പിന്നെ ചിലപ്പോഴൊക്കെ മുത്തശ്ശന്‍ എന്നേം കൊണ്ട് വല്ല്യമുത്തശ്ശന്‍റെ വീട്ടിലും പോകും.
വല്ല്യമുത്തച്ഛനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ്മ വരുന്നത് വായില്‍ നിന്നും അല്പം പുറത്തേക്ക് തള്ളി നില്ക്കുന്ന രണ്ടുപല്ലുകളാണ്. വല്ല്യമുത്തച്ഛന്‍ ചിരിക്കുമ്പോള്‍ ഞാന്‍ ആ പല്ലുകളിലാണ് നോക്കാറ്. മരിച്ചുകിടക്കുമ്പോഴും ഞാന്‍ കണ്ടത് ആ പല്ലുകള്‍ മാത്രമാണ്, പിന്നെ എന്നെ ചൂണ്ടിക്കാണിച്ച് കരയുന്ന അമ്മയുടെ മുഖവും. തറവാട്ടില്‍ നിന്നു പോന്നതിനു ശേഷവും അവധികിട്ടുമ്പോഴൊക്കെ വല്ല്യമുത്തച്ഛന്‍റെ വീട്ടിലേക്ക് ഓടിപ്പോകാറുള്ളത് നല്ല വയലറ്റ് നിറമുള്ള ഞാവല്‍പ്പഴം തിന്നാന്‍ മാത്രമായിരുന്നില്ല; കുഞ്ഞിരാമന്‍റെ കളികള്‍ കാണാന്‍കൂടിയായിരുന്നു. കുഞ്ഞിരാമന്‍ വല്ല്യമുത്തച്ഛന്‍ വളര്‍ത്തുന്ന കുരങ്ങാണ്. 'ഡാ കുഞ്ഞിരാമാ'ന്ന് വല്ല്യമുത്തച്ഛന്‍ വിളിക്കുമ്പോള്‍ അത് ഉത്തരത്തിന്‍റെ മുകളില്‍ നിന്ന് ചാടി വല്ല്യമുത്തച്ഛന്‍റെ തോളില്‍ കേറിയിരിക്കും. എന്നിട്ട് തലയിലെ പേന്‍ നോക്കാന്‍ തുടങ്ങും. 'ചാടികളിയ്ക്കട കുഞ്ഞിരാമാ'ന്ന് വല്ല്യമുത്തച്ഛന്‍ പറയുന്നതോടുകൂടി അവന്‍റെ കളികള്‍ തുടങ്ങുകയായി. വല്ല്യമുത്തച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന് ചാടിക്കളിച്ചുകൊണ്ട് ഒച്ചയെടുത്ത് വല്ല്യമുത്തച്ഛനെ വിളിക്കുകയായിരുന്നു. എനിക്കുതോന്നിയത് അവന്‍ കരയുകയായിരുന്നൂന്നാണ്. അതിനു ശേഷം അവനെ ഞാനവിടെ കണ്ടിട്ടില്ല.

വല്ല്യമുത്തച്ഛന്‍റെ വീടിന്‍റെ അടുത്തുതന്നെയായിരുന്നു ഭാമച്ചേച്ചിയുടെ വീടും. ഭാമ ചേച്ചിയുടെ മകള്‍ എന്‍റെ കളിക്കൂട്ടുകാരിയായിരുന്നു. കാല്‍ക്കൊല്ല പരീക്ഷയുടേം അരക്കൊല്ല പരീക്ഷയുടേം പേപ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ അവിടെ പോകുന്ന കാര്യം എനിക്കു ആലോചിക്കാന്‍ പോലും വയ്യ. പിന്നെ എന്തോരം നുണകളാ ഞാന്‍ പറയേണ്ട വര്വാ. 'സയന്സിന് 48, സാമൂഹ്യത്തിന് 46, കണക്ക് ഇച്ചിരി ബുദ്ധിമുട്ടായിരുന്നു. അതുകാരണം 40 ഉള്ളൂ.' ഭാമചേച്ചിയും അമ്മയും ഒരേ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു പേപ്പറിലെ മാര്‍ക്കേ മൊത്തം പരീക്ഷയിലെ മാര്‍ക്കും കൂടി കൂട്ടിയാല്‍ എനിക്കു കിട്ടാറുള്ളൂന്ന് അവര്‍ നേരത്തേ തന്നെ അറിഞ്ഞിരിക്കും. എന്നിട്ടും ഞാന്‍ മാര്‍ക്ക് പറയുന്ന കേള്‍ക്കുമ്പോള്‍ 'മിടുക്കന്‍, കുട്ടികളായാല്‍ അങ്ങനെ വേണം' എന്നൊക്കെ പറഞ്ഞ് അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.

എന്‍റെ ഓര്മ്മയിലെ ആദ്യത്തെ മരണം പക്ഷെ വല്ല്യമുത്തശ്ശന്‍റെയല്ലായിരുന്നു. വീടിനടുത്ത് ചായക്കട നടത്തിയിരുന്ന വേലായുധേട്ടന്‍റെ മകന്‍റെയായിരുന്നു. അവന്‍റെ പേരു ഞാന്‍ മറന്നുപോയി. അഞ്ചാമത്തെ വയസ്സില്‍ ക്യാന്സര്‍ വന്നാണ് അവന്‍ മരിക്കുന്നത്. അന്നൊക്കെ ദിവസവും ഞങ്ങള്‍ കണി കാണുന്നത് ഒരു തൂക്കുപാത്രവും പിടിച്ച് പാലിനു വേണ്ടി കാത്തു നില്ക്കുന്ന അവനെയായിരുന്നു. വീടെത്തുന്നതിനു മുന്നിലുള്ള വളവില്‍ റോഡിനോട് ചേര്ന്ന്‍ ചെറിയ ഒരു കുന്നുണ്ട്. അതിനു മുകളിലായിരുന്നു വേലായുധേട്ടന്‍റെ വീട്. അവന്‍റെ മരണ ശേഷം ആ വളവെത്തുമ്പോള്‍ പിന്നെ വീട്ടിലേക്ക് ഒറ്റയോട്ടമാണ്. കണ്ണടച്ചുള്ള ആ ഓട്ടത്തിനിടയില്‍ എങ്ങാന്‍ തിരിഞ്ഞുനോക്കിപ്പോയാല്‍ വളവിലുള്ള കലുങ്കിലിരുന്ന് മൂക്കില്‍ തിരുകി വച്ചിരുന്ന പഞ്ഞി എനിക്കു നേരെ നീട്ടി അവന്‍ ചിരിക്കും.

6 comments:

Kaithamullu said...

വര നന്നാകുന്ന്‌ണ്ട്, ട്ടോ!

സു | Su said...

കുറേ നാളുകള്‍ക്ക് ശേഷം. സന്തോഷം.

ബിന്ദു said...

കുറേ നാളുകള്‍ക്കു ശേഷം എഴുതിയതില്‍ സന്തോഷം, പക്ഷേ ഉണ്ണിയും ഒപ്പോളും എവിടേ? :)

Sapna Anu B.George said...

സത്യമാകുന്ന ഒരു മിഥ്യ, നന്നായിട്ടുണ്ട് കേട്ടോ. കൊള്ളാം

Sureshkumar Punjhayil said...

Manoharam. Best wishes.

Sapna Anu B.George said...

കണ്ടതില്‍ സന്തോഷം