Wednesday, June 20, 2007

രണ്ട്

മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും മുത്തശ്ശന്‍ എന്നേം കൊണ്ട് പടിഞ്ഞാട്ട് പോകും. പടിഞ്ഞാട്ട് പോവാന്നു പറഞ്ഞാല്‍ പടിഞ്ഞാറ് ഒരു രണ്ടു കിലോമീറ്റര്‍ പോയാല്‍ ഒരു ജംഗ്ഷന്‍ ഉണ്ട്. വല്ല്യമ്മയുടെ വീടും വല്ല്യമുത്തശ്ശന്‍റെ വീടും പിന്നെ അച്ഛനും അമ്മയും ജോലിചെയ്യുന്ന സഹകരണ ബാങ്കും ഒക്കെ അവിടെ അടുത്തടുത്താണ്. പടിഞ്ഞാട്ടു പോവാ‍ന്‍ എനിക്കു നല്ല ഉത്സാഹമാണ്. ചായക്കടയില്‍ നിന്നും ചൂടുള്ള പരിപ്പുവട തിന്നാം അച്ഛനേം അമ്മയേം കാണാം. പിന്നെ ചിലപ്പോഴൊക്കെ മുത്തശ്ശന്‍ എന്നേം കൊണ്ട് വല്ല്യമുത്തശ്ശന്‍റെ വീട്ടിലും പോകും.
വല്ല്യമുത്തച്ഛനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ്മ വരുന്നത് വായില്‍ നിന്നും അല്പം പുറത്തേക്ക് തള്ളി നില്ക്കുന്ന രണ്ടുപല്ലുകളാണ്. വല്ല്യമുത്തച്ഛന്‍ ചിരിക്കുമ്പോള്‍ ഞാന്‍ ആ പല്ലുകളിലാണ് നോക്കാറ്. മരിച്ചുകിടക്കുമ്പോഴും ഞാന്‍ കണ്ടത് ആ പല്ലുകള്‍ മാത്രമാണ്, പിന്നെ എന്നെ ചൂണ്ടിക്കാണിച്ച് കരയുന്ന അമ്മയുടെ മുഖവും. തറവാട്ടില്‍ നിന്നു പോന്നതിനു ശേഷവും അവധികിട്ടുമ്പോഴൊക്കെ വല്ല്യമുത്തച്ഛന്‍റെ വീട്ടിലേക്ക് ഓടിപ്പോകാറുള്ളത് നല്ല വയലറ്റ് നിറമുള്ള ഞാവല്‍പ്പഴം തിന്നാന്‍ മാത്രമായിരുന്നില്ല; കുഞ്ഞിരാമന്‍റെ കളികള്‍ കാണാന്‍കൂടിയായിരുന്നു. കുഞ്ഞിരാമന്‍ വല്ല്യമുത്തച്ഛന്‍ വളര്‍ത്തുന്ന കുരങ്ങാണ്. 'ഡാ കുഞ്ഞിരാമാ'ന്ന് വല്ല്യമുത്തച്ഛന്‍ വിളിക്കുമ്പോള്‍ അത് ഉത്തരത്തിന്‍റെ മുകളില്‍ നിന്ന് ചാടി വല്ല്യമുത്തച്ഛന്‍റെ തോളില്‍ കേറിയിരിക്കും. എന്നിട്ട് തലയിലെ പേന്‍ നോക്കാന്‍ തുടങ്ങും. 'ചാടികളിയ്ക്കട കുഞ്ഞിരാമാ'ന്ന് വല്ല്യമുത്തച്ഛന്‍ പറയുന്നതോടുകൂടി അവന്‍റെ കളികള്‍ തുടങ്ങുകയായി. വല്ല്യമുത്തച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന് ചാടിക്കളിച്ചുകൊണ്ട് ഒച്ചയെടുത്ത് വല്ല്യമുത്തച്ഛനെ വിളിക്കുകയായിരുന്നു. എനിക്കുതോന്നിയത് അവന്‍ കരയുകയായിരുന്നൂന്നാണ്. അതിനു ശേഷം അവനെ ഞാനവിടെ കണ്ടിട്ടില്ല.

വല്ല്യമുത്തച്ഛന്‍റെ വീടിന്‍റെ അടുത്തുതന്നെയായിരുന്നു ഭാമച്ചേച്ചിയുടെ വീടും. ഭാമ ചേച്ചിയുടെ മകള്‍ എന്‍റെ കളിക്കൂട്ടുകാരിയായിരുന്നു. കാല്‍ക്കൊല്ല പരീക്ഷയുടേം അരക്കൊല്ല പരീക്ഷയുടേം പേപ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ അവിടെ പോകുന്ന കാര്യം എനിക്കു ആലോചിക്കാന്‍ പോലും വയ്യ. പിന്നെ എന്തോരം നുണകളാ ഞാന്‍ പറയേണ്ട വര്വാ. 'സയന്സിന് 48, സാമൂഹ്യത്തിന് 46, കണക്ക് ഇച്ചിരി ബുദ്ധിമുട്ടായിരുന്നു. അതുകാരണം 40 ഉള്ളൂ.' ഭാമചേച്ചിയും അമ്മയും ഒരേ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു പേപ്പറിലെ മാര്‍ക്കേ മൊത്തം പരീക്ഷയിലെ മാര്‍ക്കും കൂടി കൂട്ടിയാല്‍ എനിക്കു കിട്ടാറുള്ളൂന്ന് അവര്‍ നേരത്തേ തന്നെ അറിഞ്ഞിരിക്കും. എന്നിട്ടും ഞാന്‍ മാര്‍ക്ക് പറയുന്ന കേള്‍ക്കുമ്പോള്‍ 'മിടുക്കന്‍, കുട്ടികളായാല്‍ അങ്ങനെ വേണം' എന്നൊക്കെ പറഞ്ഞ് അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.

എന്‍റെ ഓര്മ്മയിലെ ആദ്യത്തെ മരണം പക്ഷെ വല്ല്യമുത്തശ്ശന്‍റെയല്ലായിരുന്നു. വീടിനടുത്ത് ചായക്കട നടത്തിയിരുന്ന വേലായുധേട്ടന്‍റെ മകന്‍റെയായിരുന്നു. അവന്‍റെ പേരു ഞാന്‍ മറന്നുപോയി. അഞ്ചാമത്തെ വയസ്സില്‍ ക്യാന്സര്‍ വന്നാണ് അവന്‍ മരിക്കുന്നത്. അന്നൊക്കെ ദിവസവും ഞങ്ങള്‍ കണി കാണുന്നത് ഒരു തൂക്കുപാത്രവും പിടിച്ച് പാലിനു വേണ്ടി കാത്തു നില്ക്കുന്ന അവനെയായിരുന്നു. വീടെത്തുന്നതിനു മുന്നിലുള്ള വളവില്‍ റോഡിനോട് ചേര്ന്ന്‍ ചെറിയ ഒരു കുന്നുണ്ട്. അതിനു മുകളിലായിരുന്നു വേലായുധേട്ടന്‍റെ വീട്. അവന്‍റെ മരണ ശേഷം ആ വളവെത്തുമ്പോള്‍ പിന്നെ വീട്ടിലേക്ക് ഒറ്റയോട്ടമാണ്. കണ്ണടച്ചുള്ള ആ ഓട്ടത്തിനിടയില്‍ എങ്ങാന്‍ തിരിഞ്ഞുനോക്കിപ്പോയാല്‍ വളവിലുള്ള കലുങ്കിലിരുന്ന് മൂക്കില്‍ തിരുകി വച്ചിരുന്ന പഞ്ഞി എനിക്കു നേരെ നീട്ടി അവന്‍ ചിരിക്കും.

Friday, June 1, 2007

ഒന്ന്




അമ്മ ജോലിക്കുപോയിരുന്നതിനാലും എന്നെക്കാള്‍ ഒന്നര വയസ്സിനു മൂപ്പുള്ള ചേട്ടനെ
മേയ്ക്കാന്‍ തന്നെ അമ്മുമ്മ (അച്ഛമ്മ) ഏറെ കഷ്ടപ്പെട്ടിരുന്നതിനാലുമ്മാവാം
അഞ്ചു വയസ്സുവരെ ഞാന്‍ അമ്മയുടെ തറവാട്ടില്‍ ആയിരുന്നു.


എന്നെ ഒക്കത്തെടുത്ത് പശുവിനെ അഴിക്കാന്‍ പോയപ്പോള്‍ പശു കാലില്‍ കയറിട്ടു വലിച്ച് ഞാനും അമ്മുമ്മയും കൂടെ കല്ലുവെട്ടു മടയിലേക്കു വീണിട്ട് പോറലുപോലുമേല്ക്കാതെ രക്ഷപ്പെട്ടതും പിന്നൊരിക്കല്‍ വയറിളകിക്കൊണ്ടിരിക്കുന്ന എന്നെയുമെടുത്ത് ആശുപത്രിയിലേക്കു ഓടുന്ന വഴി കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ കാര്‍ കൃഷ്ണന്‍കുട്ടി ഡോക്ടറുടെ തന്നെയായിരുന്നൂന്നുമൊക്കെയുള്ളത് അവര്‍ പറഞ്ഞുകേട്ട അറിവേ എനിക്കുള്ളൂ.
എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ ഞാന്‍, മുത്തശ്ശന്‍ മരുന്നരയ്ക്കുമ്പോള്‍
വിളക്കുകാണിച്ച് അടുത്തിരിക്കുകയാണ്.
അപ്പുറത്ത് മാക്രിബാലന്‍ ഉറക്കെ കരയുന്നുണ്ട്;
ന്നെ പാമ്പുകടിച്ചു വൈദ്യരേന്നും പറഞ്ഞ്.
മാക്രിബാലനെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്.

മുത്തശ്ശന് അഞ്ചു പെണ്മക്കളും ഒരാണും ആയിരുന്നു.
മൂത്തത് കോണിക്കലെ വല്യമ്മ. അതിനു താഴെ അമ്മ.
പിന്നെ പുഷ്പച്ചിറ്റ. ആമ്മാവന്‍, ഏറ്റവും താഴെ രമണിച്ചിറ്റ.
രമണിച്ചിറ്റ എന്‍റെ ഇടി കുറേ കൊണ്ടിട്ടുണ്ട്.
അന്നൊക്കെ ചിറ്റമ്മയുടെ പുറത്തിടിക്കുക എന്നതെനിക്കൊരു ടൈം പാസായിരുന്നു.
ചിറ്റയുടെ കല്യാണത്തലേന്ന് പൊക്കത്തെ കൊച്ചേച്ചി പറഞ്ഞത്
ഇനിയെങ്കിലും ഇവള്‍ക്ക് അവവന്‍റെ ഇടികൊള്ളേണ്ടല്ലോ എന്നാണ്.
അത്രയ്ക്കു ഫേമസ് ആയിരുന്നു എന്‍റെ ഇടി.
എന്നാലും ചിറ്റക്കെന്നെ ഒത്തിരി ഇഷ്ടായിരുന്നു.
പക്ഷെ അമ്മാവനെ അന്നൊക്കെ വല്യ പേടിയായിരുന്നു.
അമ്മാവന്‍ ഒന്നു ഇരുത്തി നോക്ക്യാല്‍ മതി, ഞാന്‍ കരയാന്‍ തുടങ്ങും.
എന്നിട്ടും അമ്മാവന്‍റെ എത്ര ഓഡിയോ കാസറ്റുകളാണെന്നോ ഞാന്‍ നശിപ്പിച്ചിരിക്കുന്നത്.
ഈ സാധനത്തില്‍ സൌണ്ട് റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുംന്ന്
എങ്ങനെയോ ഞാന്‍ മനസ്സിലാക്കിയിരുന്നു.
അതിന്‍റെ ചുവടുപിടിച്ചുള്ള എന്‍റെ അന്വേഷണങ്ങളുടെ ഫലമായി ‌
അമ്മാവന്‍റെ നാഷണല്‍ പാനസോണിക്കിന്‍റെ സ്റ്റീരിയോയില്‍
റേക്കോര്‍ഡ് സ്വിച്ച് കണ്ടുപിടിക്കുകയും എന്‍റെ പലപല ശ്ബബ്ദകോലാഹലങ്ങള്‍
അതില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു;അതും അമ്മാവന്‍റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റില്‍.
പക്ഷെ റെക്കോര്‍ഡ് ചെയ്തത് എങ്ങനെ കേള്‍ക്കും എന്നുമാത്രം അറിയില്ലായിരുന്നു.
ഞാന്‍ റെക്കോറ്ഡ് ബട്ടണ്‍ ഞെക്കും കലപില എന്തെങ്കിലുമൊക്കെ പറയും.
പിന്നെ പ്ലെചെയ്തുനോക്കും. ജയവിജയന്മാര്‍ പാടാന്‍ തുടങ്ങും.
പിന്നേം റെക്കോര്‍ഡ് ചെയ്യും റിവൈന്‍ഡ് ചെയ്യാതെ പ്ലെചെയ്യും.
ഇങ്ങനെ ആ കാസറ്റിന്‍റെ പലഭാഗത്തും ഞാന്‍ പരീക്ഷണങ്ങള്‍ ആവര്ത്തിച്ചു.
വൈകീട്ട് അമ്മാവന്‍ വന്നുകുളിച്ച് അയ്യപ്പന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ തൊഴുത് നമസ്കരിച്ച്
കാസറ്റ് റിവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്തപ്പോഴല്ലെ പുകില്‍.
അമ്പലപ്പരിപാടികളുടെ ഇടയില്‍ തുടരെതുടരെ കേള്‍ക്കുന്ന
'കുഴൂരില്‍ നിന്നും വന്ന വിജയനെക്കാത്ത് സുഹൃത്ത് തെക്കേനടയില്‍ കാത്തുനില്ക്കുന്നു'
എന്നൊക്കെയുള്ള അനൌണ്‍സ്മന്‍റ് പോലെ
ജയവിജയന്മാരുടെ "ഉദിച്ചുയര്ന്നു മാമലമുകളില്‍ ഉത്രം നക്ഷത്രം" കഴിയുമ്പോള്‍
എന്‍റെ ഘനഗംഭീര ശബ്ദത്തില്‍ "അമ്മുമ്മേ ചോറായോ?",
"ചാച്ചാ പടിഞ്ഞാട്ട് പോവുമ്പോ ഞാനുംണ്ട് ട്ടോ" ന്നൊക്കെയുള്ള കമന്‍റുകള്‍.
എത്രൊക്കെയായാലും അമ്മാവന്‍ തല്ലില്ല, പക്ഷേ ആ നോട്ടത്തേക്കാള്‍ ഭേദം രണ്ടുകൊള്ളുന്നതാണെന്നു തോന്നിപ്പോവും.
"മാമാങ്കം പലുകുറികൊണ്ടാടി" എന്നുള്ള രവീന്ദ്രന്‍ മാഷുടെ ലളിതഗാനം ആദ്യം കേള്‍ക്കുന്നതു അമ്മാവന്‍റെ സെറ്റില്‍ ആണ്.
ആ കാസറ്റ് അവിടെ അവസാനം കേട്ടത് ഞാന്‍ തന്നെയായിരുന്നു.
പാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ അതു ചുറ്റിപ്പിടിച്ചു.
ചുറ്റിപ്പിടിച്ച റിബണ്‍ അഴിച്ചെടുത്തെങ്കിലും അതെങ്ങനെ ഉള്ളിലേക്കു തിരിച്ചു കേറ്റണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പെന്‍സില്‍ കാസറ്റിന്‍റെ ഉള്ളിലിട്ട് തിരിച്ചപ്പോള്‍
വീണ്ടും കുറേക്കൂടി റിബണ്‍ പുറത്തേക്കു വന്നു.
പരീക്ഷണങ്ങളുടെ അവസാനം എന്‍റെ കയ്യിലിരുന്ന ഒരു പിടി റിബണ്‍
ആ കാസറ്റില്‍ തന്നെ ചുറ്റിക്കെട്ടി അതിന്‍റെ കൂടെ ചാക്കുചെരടുകൊണ്ട് ഒരു കല്ലും കെട്ടി കിഴക്കേക്കാരുടെ കുളത്തിലേക്കെറിഞ്ഞു. കല്ലുകെട്ടിയില്ലെങ്കില്‍ അതു താഴ്ന്നുപോകില്ലെന്ന
എന്‍റെ കുഞ്ഞുകാലത്തെ ക്രിമിനല്‍ ബുദ്ധി പിന്നീട് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അമ്മാവന്‍ കുറേ നാള്‍ മാമാങ്കം തിരഞ്ഞുനടന്നു. സംശയത്തിന്‍റെ നോട്ടങ്ങള്‍ എന്‍റെ നേരെ വന്നപ്പോഴൊക്കെ ഞാന്‍ മുറ്റത്തെ നാട്ടുമാവില്‍ പടര്‍ന്നു കയറിയിരിക്കുന്ന മണിപ്ലാന്‍റില്‍
ശ്രദ്ധ കേന്ദ്രികരിച്ചു.

സത്യപ്രസ്താവന

പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ല.
കുറേക്കാലമായി എന്തെങ്കിലുമെഴുതിയിട്ട്.
പുതുതായി ഒന്നും എഴുതാന്‍ വരുന്നില്ല.
എന്നാല്‍ പഴയതെന്തെങ്കിലുമാവാമെന്നു കരുതി.
ഇതു കഥയല്ല, ഇതില്‍ കാര്യവുമില്ല.
ഇതിലുള്ളതു മുഴുവന്‍ ഞാനും എന്‍റെ കാഴ്ചകളുമാണ്.
മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന
ഓര്മ്മകളെ അടുക്കും ചിട്ടയുമില്ലാതെ തന്നെ ഇവിടെ
പകര്ത്താന്‍ ഒരു ശ്രമം.
എത്ര വിജയിക്കുമെന്നും എത്രനാള്‍ തുടര്ന്നുകൊണ്ടുപോകാന്‍
കഴിയുംന്നും അറിയില്ല.
.
രാജീവ്