Friday, June 1, 2007

ഒന്ന്
അമ്മ ജോലിക്കുപോയിരുന്നതിനാലും എന്നെക്കാള്‍ ഒന്നര വയസ്സിനു മൂപ്പുള്ള ചേട്ടനെ
മേയ്ക്കാന്‍ തന്നെ അമ്മുമ്മ (അച്ഛമ്മ) ഏറെ കഷ്ടപ്പെട്ടിരുന്നതിനാലുമ്മാവാം
അഞ്ചു വയസ്സുവരെ ഞാന്‍ അമ്മയുടെ തറവാട്ടില്‍ ആയിരുന്നു.


എന്നെ ഒക്കത്തെടുത്ത് പശുവിനെ അഴിക്കാന്‍ പോയപ്പോള്‍ പശു കാലില്‍ കയറിട്ടു വലിച്ച് ഞാനും അമ്മുമ്മയും കൂടെ കല്ലുവെട്ടു മടയിലേക്കു വീണിട്ട് പോറലുപോലുമേല്ക്കാതെ രക്ഷപ്പെട്ടതും പിന്നൊരിക്കല്‍ വയറിളകിക്കൊണ്ടിരിക്കുന്ന എന്നെയുമെടുത്ത് ആശുപത്രിയിലേക്കു ഓടുന്ന വഴി കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ കാര്‍ കൃഷ്ണന്‍കുട്ടി ഡോക്ടറുടെ തന്നെയായിരുന്നൂന്നുമൊക്കെയുള്ളത് അവര്‍ പറഞ്ഞുകേട്ട അറിവേ എനിക്കുള്ളൂ.
എനിക്കോര്‍മ്മവയ്ക്കുമ്പോള്‍ ഞാന്‍, മുത്തശ്ശന്‍ മരുന്നരയ്ക്കുമ്പോള്‍
വിളക്കുകാണിച്ച് അടുത്തിരിക്കുകയാണ്.
അപ്പുറത്ത് മാക്രിബാലന്‍ ഉറക്കെ കരയുന്നുണ്ട്;
ന്നെ പാമ്പുകടിച്ചു വൈദ്യരേന്നും പറഞ്ഞ്.
മാക്രിബാലനെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്.

മുത്തശ്ശന് അഞ്ചു പെണ്മക്കളും ഒരാണും ആയിരുന്നു.
മൂത്തത് കോണിക്കലെ വല്യമ്മ. അതിനു താഴെ അമ്മ.
പിന്നെ പുഷ്പച്ചിറ്റ. ആമ്മാവന്‍, ഏറ്റവും താഴെ രമണിച്ചിറ്റ.
രമണിച്ചിറ്റ എന്‍റെ ഇടി കുറേ കൊണ്ടിട്ടുണ്ട്.
അന്നൊക്കെ ചിറ്റമ്മയുടെ പുറത്തിടിക്കുക എന്നതെനിക്കൊരു ടൈം പാസായിരുന്നു.
ചിറ്റയുടെ കല്യാണത്തലേന്ന് പൊക്കത്തെ കൊച്ചേച്ചി പറഞ്ഞത്
ഇനിയെങ്കിലും ഇവള്‍ക്ക് അവവന്‍റെ ഇടികൊള്ളേണ്ടല്ലോ എന്നാണ്.
അത്രയ്ക്കു ഫേമസ് ആയിരുന്നു എന്‍റെ ഇടി.
എന്നാലും ചിറ്റക്കെന്നെ ഒത്തിരി ഇഷ്ടായിരുന്നു.
പക്ഷെ അമ്മാവനെ അന്നൊക്കെ വല്യ പേടിയായിരുന്നു.
അമ്മാവന്‍ ഒന്നു ഇരുത്തി നോക്ക്യാല്‍ മതി, ഞാന്‍ കരയാന്‍ തുടങ്ങും.
എന്നിട്ടും അമ്മാവന്‍റെ എത്ര ഓഡിയോ കാസറ്റുകളാണെന്നോ ഞാന്‍ നശിപ്പിച്ചിരിക്കുന്നത്.
ഈ സാധനത്തില്‍ സൌണ്ട് റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുംന്ന്
എങ്ങനെയോ ഞാന്‍ മനസ്സിലാക്കിയിരുന്നു.
അതിന്‍റെ ചുവടുപിടിച്ചുള്ള എന്‍റെ അന്വേഷണങ്ങളുടെ ഫലമായി ‌
അമ്മാവന്‍റെ നാഷണല്‍ പാനസോണിക്കിന്‍റെ സ്റ്റീരിയോയില്‍
റേക്കോര്‍ഡ് സ്വിച്ച് കണ്ടുപിടിക്കുകയും എന്‍റെ പലപല ശ്ബബ്ദകോലാഹലങ്ങള്‍
അതില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു;അതും അമ്മാവന്‍റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനങ്ങളുടെ കാസറ്റില്‍.
പക്ഷെ റെക്കോര്‍ഡ് ചെയ്തത് എങ്ങനെ കേള്‍ക്കും എന്നുമാത്രം അറിയില്ലായിരുന്നു.
ഞാന്‍ റെക്കോറ്ഡ് ബട്ടണ്‍ ഞെക്കും കലപില എന്തെങ്കിലുമൊക്കെ പറയും.
പിന്നെ പ്ലെചെയ്തുനോക്കും. ജയവിജയന്മാര്‍ പാടാന്‍ തുടങ്ങും.
പിന്നേം റെക്കോര്‍ഡ് ചെയ്യും റിവൈന്‍ഡ് ചെയ്യാതെ പ്ലെചെയ്യും.
ഇങ്ങനെ ആ കാസറ്റിന്‍റെ പലഭാഗത്തും ഞാന്‍ പരീക്ഷണങ്ങള്‍ ആവര്ത്തിച്ചു.
വൈകീട്ട് അമ്മാവന്‍ വന്നുകുളിച്ച് അയ്യപ്പന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ തൊഴുത് നമസ്കരിച്ച്
കാസറ്റ് റിവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്തപ്പോഴല്ലെ പുകില്‍.
അമ്പലപ്പരിപാടികളുടെ ഇടയില്‍ തുടരെതുടരെ കേള്‍ക്കുന്ന
'കുഴൂരില്‍ നിന്നും വന്ന വിജയനെക്കാത്ത് സുഹൃത്ത് തെക്കേനടയില്‍ കാത്തുനില്ക്കുന്നു'
എന്നൊക്കെയുള്ള അനൌണ്‍സ്മന്‍റ് പോലെ
ജയവിജയന്മാരുടെ "ഉദിച്ചുയര്ന്നു മാമലമുകളില്‍ ഉത്രം നക്ഷത്രം" കഴിയുമ്പോള്‍
എന്‍റെ ഘനഗംഭീര ശബ്ദത്തില്‍ "അമ്മുമ്മേ ചോറായോ?",
"ചാച്ചാ പടിഞ്ഞാട്ട് പോവുമ്പോ ഞാനുംണ്ട് ട്ടോ" ന്നൊക്കെയുള്ള കമന്‍റുകള്‍.
എത്രൊക്കെയായാലും അമ്മാവന്‍ തല്ലില്ല, പക്ഷേ ആ നോട്ടത്തേക്കാള്‍ ഭേദം രണ്ടുകൊള്ളുന്നതാണെന്നു തോന്നിപ്പോവും.
"മാമാങ്കം പലുകുറികൊണ്ടാടി" എന്നുള്ള രവീന്ദ്രന്‍ മാഷുടെ ലളിതഗാനം ആദ്യം കേള്‍ക്കുന്നതു അമ്മാവന്‍റെ സെറ്റില്‍ ആണ്.
ആ കാസറ്റ് അവിടെ അവസാനം കേട്ടത് ഞാന്‍ തന്നെയായിരുന്നു.
പാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ അതു ചുറ്റിപ്പിടിച്ചു.
ചുറ്റിപ്പിടിച്ച റിബണ്‍ അഴിച്ചെടുത്തെങ്കിലും അതെങ്ങനെ ഉള്ളിലേക്കു തിരിച്ചു കേറ്റണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പെന്‍സില്‍ കാസറ്റിന്‍റെ ഉള്ളിലിട്ട് തിരിച്ചപ്പോള്‍
വീണ്ടും കുറേക്കൂടി റിബണ്‍ പുറത്തേക്കു വന്നു.
പരീക്ഷണങ്ങളുടെ അവസാനം എന്‍റെ കയ്യിലിരുന്ന ഒരു പിടി റിബണ്‍
ആ കാസറ്റില്‍ തന്നെ ചുറ്റിക്കെട്ടി അതിന്‍റെ കൂടെ ചാക്കുചെരടുകൊണ്ട് ഒരു കല്ലും കെട്ടി കിഴക്കേക്കാരുടെ കുളത്തിലേക്കെറിഞ്ഞു. കല്ലുകെട്ടിയില്ലെങ്കില്‍ അതു താഴ്ന്നുപോകില്ലെന്ന
എന്‍റെ കുഞ്ഞുകാലത്തെ ക്രിമിനല്‍ ബുദ്ധി പിന്നീട് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അമ്മാവന്‍ കുറേ നാള്‍ മാമാങ്കം തിരഞ്ഞുനടന്നു. സംശയത്തിന്‍റെ നോട്ടങ്ങള്‍ എന്‍റെ നേരെ വന്നപ്പോഴൊക്കെ ഞാന്‍ മുറ്റത്തെ നാട്ടുമാവില്‍ പടര്‍ന്നു കയറിയിരിക്കുന്ന മണിപ്ലാന്‍റില്‍
ശ്രദ്ധ കേന്ദ്രികരിച്ചു.

6 comments:

ബിജുരാജ്‌ said...

കൊള്ളാം .. കൊചുകൊച്ചു കുറുബ്ബുകള്‍ പോരട്ടെ..

ഗന്ധര്‍വ്വന്‍ said...

സാക്ഷി എവിടെ. ഇതോ ഇവിടെ. ഒരു കുട്ടി ടെയ്പ്പ്‌റക്കോര്‍ഡര്‍ കേടാക്കുന്നതും നോക്കിനിന്നിട്ട്‌, കേസറ്റിന്റെ നാടകളൊക്കെ വലിച്ചുരിയെടുക്കുന്നതും നോക്കി...
രാജീവിന്റെ തിരിച്ചു വരവ്‌ സന്തോഷമേകുന്നു.

ശ്രീ said...

“എന്‍റെ കുഞ്ഞുകാലത്തെ ക്രിമിനല്‍ ബുദ്ധി പിന്നീട് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.“

ക്രിമിനല്‍‌ ബുദ്ധിയ്ക്കു കുറവുണ്ടോ ഇപ്പോള്‍‌...

daly said...

ആ‍ഹാ സാക്ഷി പുത്യേ ബ്ലോഗ് തൊടങ്ങ്യാ.
ഇപ്പഴ്ത്തെ പോല്യന്നേ കുഞ്ഞിലേം മഹാ‍വികൃതി ആര്‍ന്നൂ‍ല്ലേ

ഖാദര്‍ (പ്രയാണം) said...

സാക്ഷീ
:)

ബിന്ദു said...

മിണ്ടാതെ ഇവിടെയിരുന്നു കുസൃതി കാണിക്കുകയായിരുന്നല്ലെ? എല്ലാവരും അവിടെ തിരഞ്ഞു. എങ്ങനെ കാണാന്‍?
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ലളിതഗാന മത്സരത്തിന്‌ എല്ലാപ്രാവശ്യവും ഈ മാമാങ്കം പലകുറി .. പാടുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. കേട്ടു കേട്ടു അന്നൊക്കെ മടുത്തിരുന്നു.